തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീളും. ഏപ്രില്‍ രണ്ടാംവാരം നടക്കുമെന്നു കരുതിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ചിലപ്പോള്‍ വിഷുവിനു ശേഷമാകും സംസ്ഥാനത്തു നടക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ വിഷു ഉത്സവ ദിനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളം, ആസാം സന്ദര്‍ശനങ്ങളുടെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യതയുള്ളതാണ് തീയതികളിലും മാറ്റം വരുത്തുമെന്നു കരുതുന്നത്. മോദിയുടെ കേരള സന്ദര്‍ശനം 11നും അസം സന്ദര്‍ശനം 14നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനാല്‍ 15നു ശേഷം മാത്രമേ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാന്‍ സാധ്യതയുള്ളൂ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയാല്‍ വിജ്ഞാപനം പുറപ്പെടുവിക്കല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍, സൂക്ഷ്മ പരിശോധന, പിന്‍വലിക്കല്‍ തുടങ്ങീ വോട്ടെടുപ്പു വരെ നാലാഴ്ചയെങ്കിലും വേണ്ടിവരും. ഇക്കാലയളവിലാകും തെരഞ്ഞെടുപ്പു പ്രചാരണം നടക്കുക. ഈ സമയം വിഷുവിനോട് അടുക്കുന്നതിനാല്‍ ഇതിനു ശേഷമാകും കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുക.
12നകം തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നിരുന്നെങ്കില്‍ വിഷുവിനു മുന്‍പ് നിയമസഭാ വോട്ടെടുപ്പു നടത്താന്‍ കഴിയുമായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് നടത്തിയിരുന്നത്. ഉത്സവ സീസണില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും ഏറെ ദുഷ്കരമായാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറും കമ്മീഷണര്‍മാരും മാര്‍ച്ച് അഞ്ചു മുതല്‍ ഏഴുവരെയാണ് കേരള സന്ദര്‍ശനം നടത്തുന്നത്. അഞ്ചിനു വൈകുന്നേരം കൊച്ചിയിലെത്തുന്ന തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ സംഘം ആറിനും ഏഴിനുമായി ജില്ലാ കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗവും ചേരും. ഏഴിനു ഡല്‍ഹിക്കു മടങ്ങും.
നേരത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. മേയ് 20നകമാണ് സംസ്ഥാനത്തു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത്.